Sunday, April 18, 2010

ഓന്ത്

മുള്ളുവേലിയില്‍ കുടുങ്ങി
പോയ ഓന്ത് നിറം മാറി
കൊണ്ടിരുന്നു,കണ്ടുനിന്ന
കുട്ടികള്‍ കയ്യടിച്ചാന്ദിച്ചു.
അവര്‍ക്കോ ബഹുരസം ഉള്ളില്‍
മധുരം നിറഞ്ഞൊരാനന്ദം.
അവര്‍ ചിരിച്ചുകൊണ്ടേയിരുന്നു
ഇപ്പോള്‍,ആ ഓന്തിന്റെ നിറം
ചുകപ്പാണ്, ചോര ചുകപ്പ്.
കഴുത്തില് ‍തുളഞ്ഞു കയറിയ
മുള്ളിലൂടെ ചോര ഒലിച്ചു
കൊണ്ടിരുന്നു.
കണ്ടുനിന്നവര്‍ പറഞ്ഞു
ഓടി പോകുവിന്‍ ഓന്തിപ്പോള്‍
ചോര കുടിക്കും.
കാണികളും പോയി വര്‍ണ്ണ
കാഴ്ച്ചയും നിലച്ചു.
ഇനി ചീയവാന്‍ കാത്ത്
ഓന്തിന്റെ ജഡം
മുള്ളുവേലിയില്‍ തൂങ്ങി കിടന്നു.

Sunday, February 21, 2010

പൂമ്പാറ്റ

വര്‍ണ്ണ ചിറകുകളോടെ
പറന്നു ഞാനീ പാരില്‍
കാഴ്ചകള്‍ കണ്ടു രസിച്ചു.
പൂവുകള്‍ തോറു മലഞ്ഞു,
പൂമ്പൊടി പേറി നടന്നു,
പൂവില്‍നിന്നും പൂവിലേക്ക-
നുരാഗ പ്രയാണം ചെയ്തു.
മൊട്ടുകള്‍ നീളെ വിരിഞ്ഞു,
മുത്തുകള്‍ പോലതില്‍ മധുവും.
ചുണ്ടില്‍ മധുരം നിറക്കാന്‍,
വര്‍ണ്ണചിറകു വിടര്‍ത്തി,
പാറട്ടെ ഞാന്‍ ഇനിയും
പാറട്ടെ ഞാന്‍ ഇനിയും

Wednesday, February 17, 2010

മുഖംമൂടികള്‍

മുഖംമൂടികള്‍ ചിരിക്കുന്നു
വാ തുറക്കാതെ,
വാക്കിന്റെ വഴിയില്‍
കനലെരിയുമ്പോള്‍.
വാഗ്ദാന കൊട്ടാരം തകര്‍ന്നടിയുന്നു
കറുത്ത മുഖങ്ങള്‍ക്കു മീതെ.
ഇരുള്‍ വഴിയില്‍ വെളിച്ചം
വീശിയ മിന്നാമിനുങ്ങുകള്‍
ചൂട്ടിന്റെ ചൂടാല്‍ കരിഞ്ഞുപോയ്.
മിഴിയടച്ച നിലാവിനും,
മുല്ലക്കും കറുത്തവാവ് ഇരുട്ടിന്റെ
കട്ടിയാല്‍പ്രഹര മേല്‍പ്പിച്ചു.
മുഖംമൂടികള്‍ ചിരിക്കുന്നു
വാ തുറക്കാതെ,
വാക്കിന്റെ വഴിയില്‍
കനലെരിയുമ്പോള്‍.

Wednesday, February 10, 2010

ചൂരല്‍ വടി

ചൂരല്‍ വടി കാണുമ്പോള്‍,
ഇപ്പോഴും തുടയിലൊരു
പൊള്ളലാണ്.
കൈയ്യിന്‍റെ ഉള്ളനടിയില്‍
നീറുന്ന നോവാണ് .
അന്നു ഞാന്‍ പ്രാകി പറഞ്ഞ
അദ്ധ്യാപകരെ ഇന്നെനിക്കെന്ത്
ഇഷ്ടമാനെന്നോ,
എന്നെ ഞാനാക്കുവാന്‍ നോക്കി
അടിയറവു പറഞ്ഞവര്‍ .
ഇന്നു ഞാന്‍ ഗണിതാക്ഷരങ്ങളുടെ
തീ ചൂളയില്‍ നിന്നു വിയര്‍ക്കുന്നു
മുന്നോട്ട് പോകുവാന്‍ വഴിയറിയാതെ.

Thursday, February 4, 2010

കവിത

അക്ഷരങ്ങള്‍ ഹൃദയത്തിന്റെ
താളത്തിലെഴുതുമ്പോള്‍
തുടിക്കുന്ന മനസ്സിന്റെ കാഴ്ചയില്‍
നിറങ്ങള്‍ നിറയുന്നു.
ചില്ലുടഞ്ഞ കണ്ണാടിയില്‍
കാണുന്ന വ്യത്യസ്ത
മുഖങ്ങള്‍ പോലെ,
പല പല ചിന്തയില്‍
പുകയുന്ന അക്ഷരങ്ങള്‍.
ഉള്ളിന്റെ ഉള്ളില്‍ എവിടൊക്കെയോ
നിരാശ നഷ്ടബോദം,
കേള്‍ക്കാത്ത താരാട്ടും
പാടാത്ത പാട്ടും.

ഇളം കാറ്റ്

ഇളം കാറ്റിന്
സ്നേഹത്തിന്റെ കുളിരാണ്.
ഓര്‍മകള്‍ തികട്ടുമ്പോള്‍,
പ്രണയത്തിന്റെ ചുടു നിശ്വാസങ്ങള്‍ക്ക്
കുളിരു പകരുവാന്‍ വെമ്പല്‍
കൊള്ളുന്ന പോലെ.
പൂക്കളില്‍ തഴുകി,
ഓളങ്ങളില്‍ തഴുകി,
എന്നടുത്തെത്തുമ്പോള്‍
ആ കുളിരില്‍ ഞാന്‍ ലയിച്ചു
പോയെങ്കില്‍ എന്നാശിച്ചു പോകും.

Tuesday, February 2, 2010

ഒരുമ്മ

ആളി കത്തുന്ന തീയിലേക്ക്
ഒരു പെരും മഴ പെയ്യും
പോലെയാണ് എനിക്ക്
നിന്റെ ഉമ്മ.
എന്റെ നീറുന്ന ചിന്തകള്‍
കുറച്ചു മാത്രയെങ്കിലും
അതില്‍ അണഞ്ഞു കിടക്കും.
വീണ്ടും എരിയാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ ആശിക്കും,
വിങ്ങുന്ന നെഞ്ചോടു കൂടി
ഞാന്‍ ചോദിക്കും
ഒരുമ്മ തരുമോ?.

Sunday, January 31, 2010

വീണുകിട്ടിയ സുഹൃത്ത്

കലങ്ങിയ കണ്ണുമായ്
ഊടുവഴിലൂടൊറ്റക്കു നീങ്ങുമ്പോള്‍
നിഴലിനുപോലുമെന്നെ
പിന്തുടരുന്നതില്‍ ഒരു മടി.

കാലില്‍ കുത്തുന്ന കല്ലുകള്‍
വീണ്ടുമെന്നെ കരയിച്ചു.
നഷ്ടബൊധം വിയര്‍പ്പായൊഴുകുന്നു.

കണ്ണുനീരില്‍ ലയിക്കുന്നതാണ് ദുഖം
കണ്ണുനീര്‍ ലയിക്കുന്നതെവിടെ?

ചിന്തകള്‍ കറുക്കുമ്പോള്‍,
ഊടുവഴി ചെന്നു കയറുന്ന
പുഴയില്‍ ഒരു തോണി കണ്ടു
പങ്കായം കണ്ടില്ല.

യാത്രയാകുവാന്‍ കയറിയിരിക്കവേ
പങ്കായവുമായവന്‍ വന്നു.
ആശ്വാസ വാക്കുകള്‍ ചൊല്ലി,
ഒഴുക്കിനെതിരെ തുഴയാന്‍ പറഞ്ഞു.

അതാണു നീ, എന്റെ
വീണുകിട്ടിയ സുഹൃത്ത്.

Wednesday, January 6, 2010

പെറുക്കി

മുതുകില്‍ ചാക്കും തൂക്കി നടക്കും,
ചപ്പും ചവറും തേടി നടക്കും,
ആളുകളെന്നെ വിളിച്ചീടുന്നു
പാട്ടപെറുക്കി താന്തോന്നി.

ചാക്കില്‍ ചപ്പുകള്‍ നിറയുമ്പോള്‍,
ഭാണ്ഡം തോളീല്‍ കേറുമ്പോള്‍,
കള്ളന്‍ തെണ്ടി തെമ്മാടി.

ചപ്പുകള്‍ ചവറുകള്‍ കുന്നുകള്‍
കൂടും വഴിയോരത്താണെന്‍ വാസം.
തൊഴിലുകളില്ലാത്തീ നാട്ടില്‍,
ചപ്പും ചവറും വില്‍ക്കുന്നൂ ഞാന്‍.

ജോലികള്‍ ചെയ്യാമടിയന്‍മാര്‍
എന്നെ വിളിക്കും തെമ്മാടി.

തെരുവില്‍ നിന്നു വരുന്നൂ ഞാന്‍
തെരുവില്‍ കൂടി പോണൂ ഞാന്‍
കാണാ കാഴ്ച്ചകള്‍ കണ്ടൂ ഞാന്‍
കടലോരത്തിലിരുന്നൂ ഞാന്‍.

ഇന്നൊരു സൂര്യനുദിച്ചല്ലോ
പുഞ്ചിരി തൂകീ എന്‍ നേരെ,
കരിനിഴല്‍ മാഞ്ഞോരെന്‍ വഴിയില്‍
സ്വപ്നം പൂത്തൂ പൂവിട്ടു.

പൂക്കളിറുക്കാന്‍ ആളുകള്‍ വന്നൂ,
നിറചിരിയോടെ ഞാന്‍ ചൊല്ലി,
തൊഴിലുകളാമീ പൂക്കള്‍ പറിക്കാന്‍
വരികാ നിങ്ങള്‍ വരി വരിയായ്.

ഇന്നോ ഞാനൊരു മുതലാളി
സിംഹാസനത്തിലിരിക്കും ഞാന്‍
നിങ്ങള്‍ക്കാജ്ഞകള്‍ നല്‍കും ഞാന്‍.

Sunday, January 3, 2010

ചായ

വെട്ടി തിളക്കുന്ന വെള്ളത്തില്‍
ചായപ്പൊടി വിതറാന്‍
തുനിയവേ പൊടിതരികള്‍
ആര്‍ത്തു കരയുന്നുണ്ടായിരുന്നു.
ആരറിയുന്നു വേവുന്നവന്റെ
നൊമ്പരം, അവര്‍ ചോരയാല്‍
ചായക്കു നിറം നല്‍കി.
പഞ്ചസാരയിട്ട് ഇളക്കി
പാത്രത്തിലോട്ടൊഴിച്ച് ഊതി,
ഊതി, കുടിക്കുമ്പോള്‍,
ആവിയായി പൊങ്ങുന്ന
ആത്മാക്കള്‍ക്ക് നിര്‍വൃതി.
അതും ബാക്കി വരുന്ന ചണ്ടി
പുറത്തോട്ടൊഴിക്കുന്നതു വരെ.
പിന്നെ, മണ്ണിലലിയുന്നതോര്‍ത്ത്
ഒരു ചെറിയ സാന്ത്വനം.

Saturday, January 2, 2010

മൊബൈല്‍ ഫോണ്‍ കവിതകള്‍

ഒന്ന്
മൊബൈല്‍ ഫോണും കൈയ്യില്‍
പിടിച്ചിരിക്കുന്ന നേരത്ത്,
എന്റെ മനസ്സിലേക്ക് ഒരു മിസ്ഡ്
കാളുമായവള്‍ കടന്നു വന്നു,
ഫോണിന്റെ റിങ്ങിംഗ് ടൂണ്‍
അവളുടെ പാദസരത്തിന്റെ ശബ്ദമായിരുന്നു.
അവള്‍ ചിരിച്ചാല്‍ ചെഞ്ചുണ്ടുകള്‍
ഡിസ്പ്ലെയില്‍ കാണുമായിരുന്നു.
എങ്ങിനെയോ അവളുടെ
പേരിലൊരു വൈറസ്
എന്റെ ഫോണിലേക്കു ചേക്കേറി.
ഇപ്പൊള്‍ കേള്‍ക്കുന്നില്ല ഞാന്‍
അവളുടെ പാദസരത്തിന്റെ ശബ്ദം,
കാണുന്നില്ല ചെഞ്ചുണ്ടുകള്‍.
എങ്കിലും ഒന്നെനിക്കറിയാം
മൊബൈല്‍ ഫോണില്ലാത്തവന്റെ
കൂടെ,അന്തസ്സായവള്‍ ജീവിക്കുന്ന കാര്യം.
രണ്ട്
കീശയില്‍ നിന്നും കിളിനാദം കേള്‍ക്കെ,
മൊബൈല്‍ ഫോണ്‍ എടുത്ത് കാതോര്‍ത്തു;
എനിക്കു നീയും, നിനക്കു ഞാനും.
അങ്ങിനെയെങ്കില്‍ എനിക്കൊരുമ്മവേണം
അവള്‍ പറഞ്ഞു;ഞാന്‍ തരില്ല.
വീണ്ടും കൊഞ്ചി ഞാന്‍; ചെറുതു മതി.
അങ്ങിനെയെങ്കില്‍, എസ് എം എസ്
ആയി അയച്ചു തരാം!
ഞാനാ അപൂര്‍വ ചുംബനം കാത്തിരുന്നു,
അന്തരീക്ഷത്തിലലിഞ്ഞു പൊയോ?
മറ്റാരോ തട്ടിയെടുത്തോ?
അറിയില്ല;ഇപ്പൊഴും ഞാനാ-
ചുംബനം കാത്തിരിക്കുന്നു,
ഒരു കിളിനാദം കൂടി കേള്‍ക്കാന്‍ കൊതിക്കുന്നു.

Friday, January 1, 2010

നോവുകള്‍

എന്റെ ഹൃദയം ഞാന്‍
തുറന്നു വെച്ചു,
അവള്‍ അകത്തുകയറി
അടച്ചു പൂട്ടി, അവിടെ
അവള്‍ നൃത്തം ചെയ്യുന്നു
ഇപ്പോഴും; ഇതൊന്നാമത്തെ നോവ്.

വീണ്ടും പാടി ആരോ ഒരു പ്രണയ ഗാനം
നഷ്ട സ്വപ്നങള്‍, അതെന്നെ കരയിച്ചു.
എങ്കിലും ഞാന്‍ ചിരിക്കുന്നു
ഇതു രണ്ടാമത്തെ നോവ്.

ഉറ്റമിത്രം പറഞ്ഞു എന്നും നിന്റെ കൂടെ
അലയാന്‍ ഞാനില്ല.
അന്നു ഞാന്‍ ഓര്‍ത്തു ഒരു നാള്‍,
ഞാനും ഏകനാകും.
ഇതു മൂന്നാമത്തെ നോവ്.

വിങ്ങുന്ന നോവുകള്‍ ഇനിയും
എത്രയോ ബാക്കി.....