Wednesday, January 6, 2010

പെറുക്കി

മുതുകില്‍ ചാക്കും തൂക്കി നടക്കും,
ചപ്പും ചവറും തേടി നടക്കും,
ആളുകളെന്നെ വിളിച്ചീടുന്നു
പാട്ടപെറുക്കി താന്തോന്നി.

ചാക്കില്‍ ചപ്പുകള്‍ നിറയുമ്പോള്‍,
ഭാണ്ഡം തോളീല്‍ കേറുമ്പോള്‍,
കള്ളന്‍ തെണ്ടി തെമ്മാടി.

ചപ്പുകള്‍ ചവറുകള്‍ കുന്നുകള്‍
കൂടും വഴിയോരത്താണെന്‍ വാസം.
തൊഴിലുകളില്ലാത്തീ നാട്ടില്‍,
ചപ്പും ചവറും വില്‍ക്കുന്നൂ ഞാന്‍.

ജോലികള്‍ ചെയ്യാമടിയന്‍മാര്‍
എന്നെ വിളിക്കും തെമ്മാടി.

തെരുവില്‍ നിന്നു വരുന്നൂ ഞാന്‍
തെരുവില്‍ കൂടി പോണൂ ഞാന്‍
കാണാ കാഴ്ച്ചകള്‍ കണ്ടൂ ഞാന്‍
കടലോരത്തിലിരുന്നൂ ഞാന്‍.

ഇന്നൊരു സൂര്യനുദിച്ചല്ലോ
പുഞ്ചിരി തൂകീ എന്‍ നേരെ,
കരിനിഴല്‍ മാഞ്ഞോരെന്‍ വഴിയില്‍
സ്വപ്നം പൂത്തൂ പൂവിട്ടു.

പൂക്കളിറുക്കാന്‍ ആളുകള്‍ വന്നൂ,
നിറചിരിയോടെ ഞാന്‍ ചൊല്ലി,
തൊഴിലുകളാമീ പൂക്കള്‍ പറിക്കാന്‍
വരികാ നിങ്ങള്‍ വരി വരിയായ്.

ഇന്നോ ഞാനൊരു മുതലാളി
സിംഹാസനത്തിലിരിക്കും ഞാന്‍
നിങ്ങള്‍ക്കാജ്ഞകള്‍ നല്‍കും ഞാന്‍.

1 comment: