Sunday, July 6, 2014

ഒരു പിറവി


കോണ്‍ക്രീറ്റ് കാടുകളിലൂടെ
കൂടു കൂട്ടാൻ അലയുന്ന കിളി;

ഒടുവിൽ ഒരു എ സി യുടെ
ചുവട്ടിൽ ഇടം പിടിച്ചു.

കൂടൊരുക്കാൻ നേർത്ത
കമ്പികളും, പ്ലാസ്റ്റിക്‌ കവറുകളും.

എ സി യുടെ ചൂട് തട്ടി വിരിഞ്ഞ
കുഞ്ഞുങ്ങൾക്ക്‌,അമ്മ കിളിയുടെ
ജഡത്തിൽ നുരക്കുന്ന
പുഴുക്കളായിരുന്നു  ആഹാരം .

 

Tuesday, May 20, 2014

ഉണക്കമരംപണ്ടെന്റെ ശിഖിരങ്ങൾ
നൂറുനൂറായിരം  കിളികൾക്കു
കൂടായിരുന്നു ,
  അണ്ണാരക്കണ്ണനും, പത്നിയും,
  മക്കളും പെറ്റു പെരുകി വസിച്ചിരുന്നു,

കാറ്റിൻ കുറുമ്പിനില താളം നൽകി
ഊഞ്ഞാലിലാടുവാൻ ചില്ല നൽകി.

മാനം മുട്ടെ വളർന്നൊരെൻ ചില്ലകൾ
പൂവിട്ടു പൂന്തേൻ നിറച്ചു.

   ചാരത്തൂടൊഴുകുന്ന പുഴയും ഞാനും
പ്രേമിച്ചു  പ്രേമിച്ചു പോന്നു,
തമ്മിൽ മോഹിച്ചു മോഹിച്ചു പോന്നു.

കള കളം പാടുന്ന 
പുഴയുടെ ഓളത്തിൽ
പൂക്കൾ വീഴ്ത്തി രസിച്ചു.

ഓരോരോ കഥകൾ പറഞ്ഞ്‌ 
കാലം മുന്നോട്ട്‌ മുന്നോട്ടൊഴുകി.


  തലമുറകൾ മാറി തലമറന്നവർ
ചേർന്നീ ഭൂമിയെ കുത്തീ മറിച്ചു
പച്ച പോയി മറഞ്ഞുടനെങ്ങോ.

ദുഖ സത്യം ഇതൊന്നു മാത്രം
എന്റെ പ്രാണനാം പുഴയാരോ
കവർന്നെടുത്ത്‌ കോട്ടകൾ 
കെട്ടി വസിച്ചു .

ദാഹജലം തേടി പോയൊരെൻ
വേരുകൾ പാതി വഴിയിൽ മരിച്ചു
എന്റെ കണ്ണീരും വറ്റി വരണ്ടു.

വിഷധൂളിയേറ്റെന്റെ ഇലകൾ
പൊഴിഞ്ഞു, ശിഖിരം കരിഞ്ഞു
 
ചേക്കേറുവാൻ വന്ന സഹജീവികൾ
അസ്ഥികളായവർ അസ്തമിച്ചു.

കാലമേ നീയൊരു കോടാലി-
യായെന്നെ വെട്ടി മുറിക്കു ഈ മണ്ണിൽ
ഞാൻ പൊട്ടി മുളച്ചൊരു മണ്ണിൽ.

Thursday, July 4, 2013

തട്ടാൻ

 ഊതി കാച്ചുമ്പോൾ ഉരുകി
പോയത്‌  തട്ടാന്റെ  മനസ്സോ ?
ജീവന്റെ വിലയുള്ള പൊന്നോ ?

കനലുകൾക്കിടയിൽ അപ്രത്യക്ഷമായ
പൊന്നിനെ കണ്ണുനീരാൽ
തിരഞ്ഞു, ഇട നെഞ്ഞു പൊട്ടി
കുല ദൈവത്തെ വിളിച്ചു,

ഒടുവിൽ ഭാര്യയുടെ കെട്ടുതാലി
ഉരുക്കി പണ്ടം തീർത്തു
കൊടുത്തവൻ തട്ടാൻ .

Tuesday, March 26, 2013

Friday, June 17, 2011

കുട

ഒരു കുട കീഴില്‍ നിന്നു.
മഴയോ, വെയിലോ? .
പെയ്തിറങ്ങുന്ന മേഘം പറഞ്ഞു,
ഞാന്‍ മഴയാണ്.
മേഘം വിണ്ടു കീറിയ വെളിച്ചം-
പറഞ്ഞു, ഞാന്‍ വെയിലാണ്..
തലയില്‍ ഇറ്റു വീഴുന്ന വെള്ളം പറഞ്ഞു,
കുടയ്ക്ക് ഓട്ടയാണ്‌.

 

Thursday, February 3, 2011

കാല്‍പാടുകള്‍

കാല്‍പാടുകള്‍ മാത്രം ബാക്കിയാക്കി
ആരോ നടന്നു നീങ്ങിയ വഴിയിലൂടെ
പിന്‍തുടര്‍ന്നു ഞാന്‍ .
പോകുന്ന പോക്കില്‍ ഒന്നു ഞാന്‍ ശ്രദ്ധിച്ചു
അതില്‍ തിരിച്ചു വരവിന്റെ
കല്‍പാടുകള്‍ ഇല്ലായിരുന്നു.
അറ്റം കാണുവാന്‍ ഒരുപാടു
നീങ്ങി ചെന്നെത്തിയതോ നരക
വാതിലിനു മുന്‍പില്‍.
മലര്‍ക്കെ തുറന്ന വാതിലിന്റെ
മുള്‍പടികള്‍ ചവിട്ടി അകത്തു കയറുമ്പോള്‍
തീതിന്നുന്ന കറുത്ത ചങ്ങാതിമാര്‍
ചൊല്ലി വരൂ സുഹൃത്തെ
നീ നിന്റെ കവിത ചൊല്ലൂ .

നിലാവു വന്നെങ്കില്‍

നിലാവു കാണാതെ വിടരാന്‍
മടിക്കുന്ന മുല്ല പൂ മൊട്ടുകള്‍ക്ക്
പറയാനൊന്നുണ്ടായിരുന്നു കറുത്ത-
വാവേ മടങ്ങുക നിന്റെ
തമസ്സിന്റെ കട്ടിക്കന്ത്യം കുറിക്കുക
കരിമേഘങ്ങളെ വിണ്ടു കീറുക
നിലാവിന്റെ ഒളിയെ തിരയുക
നിലാവൊന്നു വന്നോട്ടെ ഞങ്ങളൊന്നു
വിരിഞ്ഞോട്ടെ,ഇരുട്ടിന്റെ കട്ടിയാല്‍
നീ നിറം കെടുത്തിയ ഇടവഴികളില്‍
ഞങ്ങള്‍ സുഗന്ധം പരത്തിടും.

Sunday, April 18, 2010

ഓന്ത്

മുള്ളുവേലിയില്‍ കുടുങ്ങി
പോയ ഓന്ത് നിറം മാറി
കൊണ്ടിരുന്നു,കണ്ടുനിന്ന
കുട്ടികള്‍ കയ്യടിച്ചാന്ദിച്ചു.
അവര്‍ക്കോ ബഹുരസം ഉള്ളില്‍
മധുരം നിറഞ്ഞൊരാനന്ദം.
അവര്‍ ചിരിച്ചുകൊണ്ടേയിരുന്നു
ഇപ്പോള്‍,ആ ഓന്തിന്റെ നിറം
ചുകപ്പാണ്, ചോര ചുകപ്പ്.
കഴുത്തില് ‍തുളഞ്ഞു കയറിയ
മുള്ളിലൂടെ ചോര ഒലിച്ചു
കൊണ്ടിരുന്നു.
കണ്ടുനിന്നവര്‍ പറഞ്ഞു
ഓടി പോകുവിന്‍ ഓന്തിപ്പോള്‍
ചോര കുടിക്കും.
കാണികളും പോയി വര്‍ണ്ണ
കാഴ്ച്ചയും നിലച്ചു.
ഇനി ചീയവാന്‍ കാത്ത്
ഓന്തിന്റെ ജഡം
മുള്ളുവേലിയില്‍ തൂങ്ങി കിടന്നു.

Sunday, February 21, 2010

പൂമ്പാറ്റ

വര്‍ണ്ണ ചിറകുകളോടെ
പറന്നു ഞാനീ പാരില്‍
കാഴ്ചകള്‍ കണ്ടു രസിച്ചു.
പൂവുകള്‍ തോറു മലഞ്ഞു,
പൂമ്പൊടി പേറി നടന്നു,
പൂവില്‍നിന്നും പൂവിലേക്ക-
നുരാഗ പ്രയാണം ചെയ്തു.
മൊട്ടുകള്‍ നീളെ വിരിഞ്ഞു,
മുത്തുകള്‍ പോലതില്‍ മധുവും.
ചുണ്ടില്‍ മധുരം നിറക്കാന്‍,
വര്‍ണ്ണചിറകു വിടര്‍ത്തി,
പാറട്ടെ ഞാന്‍ ഇനിയും
പാറട്ടെ ഞാന്‍ ഇനിയും

Wednesday, February 17, 2010

മുഖംമൂടികള്‍

മുഖംമൂടികള്‍ ചിരിക്കുന്നു
വാ തുറക്കാതെ,
വാക്കിന്റെ വഴിയില്‍
കനലെരിയുമ്പോള്‍.
വാഗ്ദാന കൊട്ടാരം തകര്‍ന്നടിയുന്നു
കറുത്ത മുഖങ്ങള്‍ക്കു മീതെ.
ഇരുള്‍ വഴിയില്‍ വെളിച്ചം
വീശിയ മിന്നാമിനുങ്ങുകള്‍
ചൂട്ടിന്റെ ചൂടാല്‍ കരിഞ്ഞുപോയ്.
മിഴിയടച്ച നിലാവിനും,
മുല്ലക്കും കറുത്തവാവ് ഇരുട്ടിന്റെ
കട്ടിയാല്‍പ്രഹര മേല്‍പ്പിച്ചു.
മുഖംമൂടികള്‍ ചിരിക്കുന്നു
വാ തുറക്കാതെ,
വാക്കിന്റെ വഴിയില്‍
കനലെരിയുമ്പോള്‍.