Tuesday, May 20, 2014

ഉണക്കമരം



പണ്ടെന്റെ ശിഖിരങ്ങൾ
നൂറുനൂറായിരം  കിളികൾക്കു
കൂടായിരുന്നു ,
  അണ്ണാരക്കണ്ണനും, പത്നിയും,
  മക്കളും പെറ്റു പെരുകി വസിച്ചിരുന്നു,

കാറ്റിൻ കുറുമ്പിനില താളം നൽകി
ഊഞ്ഞാലിലാടുവാൻ ചില്ല നൽകി.

മാനം മുട്ടെ വളർന്നൊരെൻ ചില്ലകൾ
പൂവിട്ടു പൂന്തേൻ നിറച്ചു.

   ചാരത്തൂടൊഴുകുന്ന പുഴയും ഞാനും
പ്രേമിച്ചു  പ്രേമിച്ചു പോന്നു,
തമ്മിൽ മോഹിച്ചു മോഹിച്ചു പോന്നു.

കള കളം പാടുന്ന 
പുഴയുടെ ഓളത്തിൽ
പൂക്കൾ വീഴ്ത്തി രസിച്ചു.

ഓരോരോ കഥകൾ പറഞ്ഞ്‌ 
കാലം മുന്നോട്ട്‌ മുന്നോട്ടൊഴുകി.


  തലമുറകൾ മാറി തലമറന്നവർ
ചേർന്നീ ഭൂമിയെ കുത്തീ മറിച്ചു
പച്ച പോയി മറഞ്ഞുടനെങ്ങോ.

ദുഖ സത്യം ഇതൊന്നു മാത്രം
എന്റെ പ്രാണനാം പുഴയാരോ
കവർന്നെടുത്ത്‌ കോട്ടകൾ 
കെട്ടി വസിച്ചു .

ദാഹജലം തേടി പോയൊരെൻ
വേരുകൾ പാതി വഴിയിൽ മരിച്ചു
എന്റെ കണ്ണീരും വറ്റി വരണ്ടു.

വിഷധൂളിയേറ്റെന്റെ ഇലകൾ
പൊഴിഞ്ഞു, ശിഖിരം കരിഞ്ഞു
 
ചേക്കേറുവാൻ വന്ന സഹജീവികൾ
അസ്ഥികളായവർ അസ്തമിച്ചു.

കാലമേ നീയൊരു കോടാലി-
യായെന്നെ വെട്ടി മുറിക്കു ഈ മണ്ണിൽ
ഞാൻ പൊട്ടി മുളച്ചൊരു മണ്ണിൽ.

1 comment:

  1. എല്ലാം ഓര്‍മ്മകളിലേക്ക് ഒതുങ്ങുന്നു.

    ReplyDelete