Sunday, February 21, 2010

പൂമ്പാറ്റ

വര്‍ണ്ണ ചിറകുകളോടെ
പറന്നു ഞാനീ പാരില്‍
കാഴ്ചകള്‍ കണ്ടു രസിച്ചു.
പൂവുകള്‍ തോറു മലഞ്ഞു,
പൂമ്പൊടി പേറി നടന്നു,
പൂവില്‍നിന്നും പൂവിലേക്ക-
നുരാഗ പ്രയാണം ചെയ്തു.
മൊട്ടുകള്‍ നീളെ വിരിഞ്ഞു,
മുത്തുകള്‍ പോലതില്‍ മധുവും.
ചുണ്ടില്‍ മധുരം നിറക്കാന്‍,
വര്‍ണ്ണചിറകു വിടര്‍ത്തി,
പാറട്ടെ ഞാന്‍ ഇനിയും
പാറട്ടെ ഞാന്‍ ഇനിയും

Wednesday, February 17, 2010

മുഖംമൂടികള്‍

മുഖംമൂടികള്‍ ചിരിക്കുന്നു
വാ തുറക്കാതെ,
വാക്കിന്റെ വഴിയില്‍
കനലെരിയുമ്പോള്‍.
വാഗ്ദാന കൊട്ടാരം തകര്‍ന്നടിയുന്നു
കറുത്ത മുഖങ്ങള്‍ക്കു മീതെ.
ഇരുള്‍ വഴിയില്‍ വെളിച്ചം
വീശിയ മിന്നാമിനുങ്ങുകള്‍
ചൂട്ടിന്റെ ചൂടാല്‍ കരിഞ്ഞുപോയ്.
മിഴിയടച്ച നിലാവിനും,
മുല്ലക്കും കറുത്തവാവ് ഇരുട്ടിന്റെ
കട്ടിയാല്‍പ്രഹര മേല്‍പ്പിച്ചു.
മുഖംമൂടികള്‍ ചിരിക്കുന്നു
വാ തുറക്കാതെ,
വാക്കിന്റെ വഴിയില്‍
കനലെരിയുമ്പോള്‍.

Wednesday, February 10, 2010

ചൂരല്‍ വടി

ചൂരല്‍ വടി കാണുമ്പോള്‍,
ഇപ്പോഴും തുടയിലൊരു
പൊള്ളലാണ്.
കൈയ്യിന്‍റെ ഉള്ളനടിയില്‍
നീറുന്ന നോവാണ് .
അന്നു ഞാന്‍ പ്രാകി പറഞ്ഞ
അദ്ധ്യാപകരെ ഇന്നെനിക്കെന്ത്
ഇഷ്ടമാനെന്നോ,
എന്നെ ഞാനാക്കുവാന്‍ നോക്കി
അടിയറവു പറഞ്ഞവര്‍ .
ഇന്നു ഞാന്‍ ഗണിതാക്ഷരങ്ങളുടെ
തീ ചൂളയില്‍ നിന്നു വിയര്‍ക്കുന്നു
മുന്നോട്ട് പോകുവാന്‍ വഴിയറിയാതെ.

Thursday, February 4, 2010

കവിത

അക്ഷരങ്ങള്‍ ഹൃദയത്തിന്റെ
താളത്തിലെഴുതുമ്പോള്‍
തുടിക്കുന്ന മനസ്സിന്റെ കാഴ്ചയില്‍
നിറങ്ങള്‍ നിറയുന്നു.
ചില്ലുടഞ്ഞ കണ്ണാടിയില്‍
കാണുന്ന വ്യത്യസ്ത
മുഖങ്ങള്‍ പോലെ,
പല പല ചിന്തയില്‍
പുകയുന്ന അക്ഷരങ്ങള്‍.
ഉള്ളിന്റെ ഉള്ളില്‍ എവിടൊക്കെയോ
നിരാശ നഷ്ടബോദം,
കേള്‍ക്കാത്ത താരാട്ടും
പാടാത്ത പാട്ടും.

ഇളം കാറ്റ്

ഇളം കാറ്റിന്
സ്നേഹത്തിന്റെ കുളിരാണ്.
ഓര്‍മകള്‍ തികട്ടുമ്പോള്‍,
പ്രണയത്തിന്റെ ചുടു നിശ്വാസങ്ങള്‍ക്ക്
കുളിരു പകരുവാന്‍ വെമ്പല്‍
കൊള്ളുന്ന പോലെ.
പൂക്കളില്‍ തഴുകി,
ഓളങ്ങളില്‍ തഴുകി,
എന്നടുത്തെത്തുമ്പോള്‍
ആ കുളിരില്‍ ഞാന്‍ ലയിച്ചു
പോയെങ്കില്‍ എന്നാശിച്ചു പോകും.

Tuesday, February 2, 2010

ഒരുമ്മ

ആളി കത്തുന്ന തീയിലേക്ക്
ഒരു പെരും മഴ പെയ്യും
പോലെയാണ് എനിക്ക്
നിന്റെ ഉമ്മ.
എന്റെ നീറുന്ന ചിന്തകള്‍
കുറച്ചു മാത്രയെങ്കിലും
അതില്‍ അണഞ്ഞു കിടക്കും.
വീണ്ടും എരിയാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ ആശിക്കും,
വിങ്ങുന്ന നെഞ്ചോടു കൂടി
ഞാന്‍ ചോദിക്കും
ഒരുമ്മ തരുമോ?.